Friday 4 July 2014

ഫേസ്ബുക്ക് കവിതകൾ (3)

പഴകി തേഞ്ഞു എന്ന് പഴകി തേയുന്നു

March 20, 2013 at 7:50pm
അനിവാര്യമായ അപകടം
എന്നൊരു പഴകി തേഞ്ഞ വാക്കിലേക്ക്
ഞാൻ ചെന്ന് വീഴുന്നു
എന്ന് എഴുതി വയ്ക്കുന്നതോടെ
ഇതൊരു പഴയ ദിവസമാണോ
എങ്കിൽ അതേത്  ദിവസമാണ്
എന്നൊക്കെ
പ്രയോഗത്തിലില്ലാത്ത എല്ലാ ദിവസങ്ങളും കൂടി
ഈ പാവപ്പെട്ടവനെ തിരക്കി വരികയാണോ കർത്താവേ

നേര്‍ത്ത മുനയുള്ള പൂക്കളാണ് അവളുടെ കണ്ണുകള്‍

March 15, 2013 at 8:30pm
I
പല കാലങ്ങളിലായി പടര്‍ന്നു കിടക്കുന്ന
മരങ്ങളില്‍
നനഞ്ഞു ചേക്കേറിയ
കുറേ പക്ഷികളുണ്ട്
എല്ലാ പകലുകളിലും ഉണര്‍ന്ന്
ഒരു ദിവസത്തിന്റെ അറ്റം വരെ പറന്ന്
നിറയെ ഇലകളുള്ള ഏതെങ്കിലും ഒരു ചില്ലയില്‍
നനവുണങ്ങുന്നത് വരെ
അവളെ തന്നെ വിചാരിച്ചിരിക്കുന്ന
വലിയ കറുത്ത പക്ഷികള്‍

ഇടയ്ക്കിടെ അവളുടെ കറയുണങ്ങി കിടക്കുന്ന
ചില്ലകളിലേക്ക് പറക്കുന്നതും
പെയ്തു തീര്‍ന്ന ഒരു മഴക്കാലം കൊത്തിയെടുത്ത്
തിരിച്ചു പറക്കുന്നതും നോക്കി
അപ്പോഴും നിറയെ ഇലകളുള്ള ചില്ലകളില്‍ തന്നെ
നനഞ്ഞു കുളിച്ചിരിക്കുന്ന
വലിയ കറുത്ത പക്ഷികള്‍

II
ഉറക്കം പിന്നിലേക്കൊഴുകുന്ന ഒരു നദിയാണ്
അവള്‍ എവിടെ വച്ചാണ് ഒഴുകി ചേര്‍ന്നത്
എന്ന് ആര്‍ത്തലച്ച് ഉണരുമ്പോള്‍
വേരുകളിലും കൂര്‍ത്ത കല്ലുകളിലും
ഒഴുകി നടന്ന പൂക്കള്‍
തറയില്‍ ചുവന്ന് കിടക്കുന്നുണ്ടാകും
എന്നിട്ടും നഷ്ടപ്പെടുത്താതെ കൊണ്ട് വന്ന
നദിയുടെ ഒരു കീറല്‍ കൊണ്ടാകും
ആ ഉണര്‍ച്ചയുടെ വേനല്‍ പുതച്ചു തീര്‍ക്കുക

പക്ഷെ വഴി മാറി പോകാനാകാത്ത വണ്ണം
നിറഞ്ഞു നില്‍ക്കുന്നൊരു പകല്‍
എനിക്കും അവള്‍ക്കും മുമ്പിലുണ്ടാവും
ഞാന്‍ അവളിലേക്കെന്ന പോലെ
അലിഞ്ഞില്ലാതാകും
വെയില്‍ മഞ്ഞിലേക്ക്
മരിച്ചേക്കാം എന്ന്
ഹൃദയം തുടിക്കുന്ന ഒരു മണിക്കൂറിലേക്ക്
ഉയരങ്ങളില്‍ നിന്ന് വഴുതി വീഴും
മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു
എന്നുറപ്പ് തോന്നിപ്പിച്ച മേഘങ്ങള്‍

III
രാത്രിയാകും
എനിക്ക് ചുറ്റും അവള്‍ ഒഴിച്ചിട്ട ഇടങ്ങള്‍ മാത്രമാകും
വാതിലുകളും ജനലുകളും ഇറുകെ അടച്ച
മുറിയിലേക്ക് വര്‍ഷങ്ങള്‍ക്ക് പിറകില്‍ നിന്ന്
ഒരു കടല്‍ പതഞ്ഞു വരും
ഭാരമില്ലാതെ ഇരിക്കുന്ന എന്നെയും ചേര്‍ത്ത്
വരാനിരിക്കുന്ന വര്‍ഷങ്ങളിലേക്ക് ഒഴുകും
അവിടെ ചെന്ന ശേഷം കടല്‍
പച്ച നിഴലുകള്‍ മുങ്ങി നില്‍ക്കുന്ന
ഒരു തടാകമായി മാറും
അതില്‍ മരിക്കാന്‍ എന്നെ ക്ഷണിക്കും
വര്‍ഷങ്ങള്‍ കഴിഞ്ഞു ശേഷിക്കുന്ന ഞാന്‍
ശ്വാസം കിട്ടാതെ പിടയും
ഏതെങ്കിലും ഒരു പിടച്ചിലിനിടയില്‍ പെട്ട്
ആകാശം എങ്ങോട്ടെന്നില്ലാതെ നിലവിളിക്കും
അപ്പോള്‍ ഞാന്‍ ഉണ്ടെന്നുറപ്പുള്ളതെല്ലാം മിന്നല്‍
ഒറ്റ നിമിഷത്തില്‍ കരിയിച്ചു കളയും

ഉറങ്ങുന്നതിന് വേണ്ടി വശം തിരിഞ്ഞു കിടക്കുമ്പോള്‍
കറുത്ത നിറമുള്ള പക്ഷികളാണോ
ചുവന്ന നിറമുള്ള പൂക്കളാണോ
പച്ച നിറമുള്ള തടാകമാണോ
എന്ന് ഒരാള്‍ ചോദിക്കും
ഞാനോ....

ഞാനോ?
:)
ചുറ്റും തിങ്ങി വിരിഞ്ഞു നില്‍ക്കുന്ന
പൂക്കളിലേക്ക് കൊതിയോടെ വീശും.


Label : ഞാൻ അവളെയും അവൾ എന്നെയും കാണുന്ന സ്വപ്‌നങ്ങൾ

ഊഷ്മളമായൊരു ചുംബനം

March 7, 2013 at 7:20pm
അടുത്ത ഫ്ലാറ്റുകളില്‍ ഉറങ്ങുന്നവരെയെല്ലാം
കവച്ചു വച്ച്
അത്രയേറെ നീണ്ട കാലുകളുള്ള
ഒരു സ്വപ്നം
ഞാന്‍ ഉറങ്ങുന്നതിനിടയിലേക്ക്
കയറി വരും

"ഇഷ്ടമാണോ?" എന്നൊന്ന് നോക്കിയിട്ട്
മെല്ലെ മുഖമുയര്‍ത്തി ചോദിക്കും
"എത്രത്തോളം? "

"എന്നെക്കൊണ്ട്
കഴിയുന്ന അത്രത്തോളം"
എന്നോ മറ്റോ ഞാന്‍ പറയും

ഊഷ്മളമായൊരു ചുംബനം

അതോടെ സ്വപ്നം
കാലുകള്‍ കവച്ചു വച്ച്
അടുത്ത ഉറക്കത്തിലേക്ക് പോകും
ഊഷ്മളത ശരിയായി
ആസ്വദിക്കാനാവാഞ്ഞ ഞാന്‍
എന്നെ കൊണ്ടാവും വിധം
ശ്രമിക്കാന്‍ തീരുമാനിക്കും

ചില ദിവസങ്ങളില്‍ അങ്ങനെ ഉള്ള ചുംബനങ്ങള്‍
അവസാനിക്കാതെ നീണ്ടു പോകും
മടുപ്പിക്കും
ചില ദിവസങ്ങളില്‍ അത്
അങ്ങേയറ്റം യാന്ത്രികമാകും
മുഷിഞ്ഞ ഇരുമ്പ് പോലെ
കാണുന്നിടത്തൊക്കെ തിളങ്ങി നില്‍ക്കും
ചില ദിവസങ്ങളില്‍
ചില ദിവസങ്ങളില്‍ മാത്രം
അതിനു വീണ്ടും ഒരു സ്വപ്നത്തിന്റെ
ഭ്രാന്തമായ യുക്തിയില്ലായ്മ ലഭിക്കും.

Label : ഞാൻ അവളെയും അവൾ എന്നെയും കാണുന്ന സ്വപ്‌നങ്ങൾ

രാത്രി   

February 12, 2013 at 8:28pm
എന്റെ കവിള്‍ ഒരാകാശമാകും
നിന്റെ ചുണ്ടൊരു നിലാവാകും
നൂറു ചുംബനങ്ങള്‍ കൊണ്ട് നമ്മള്‍
കോടി വെട്ടം തെളിക്കും :)

സാരി

February 11, 2013 at 8:02pm
സാരി തുമ്പേ  കരയാതെ
സാറെങ്ങാനും കേട്ടാലോ
പിള്ളേരൊക്കെ അറിഞ്ഞാലോ
അഴിയാന്‍ പോവാ നീയെന്ന്
ആദ്യായിട്ടാ ഞാനെന്ന്
Like

മന്ദഹാസം

December 31, 2012 at 9:31pm
നിര്‍ത്താതെ പോയ ആ ബസിലെ
തുറിച്ച കണ്ണുകളുള്ള ഒരു ജാലകത്തില്‍ നിന്ന്
പുറകിലേക്ക് നീണ്ടു നീണ്ടു വരുന്നുണ്ട്
ഞാന്‍ മരിച്ചു വീണ മന്ദഹാസം

താറാവുകള്‍

December 18, 2012 at 9:47pm
എന്നിട്ടും ജീവനറ്റു പോകാത്തൊരു വിളി
അവറ്റകളുടെ എണ്ണമറ്റ  ഞരമ്പുകളിലൂടെ
ഓടി നടന്ന്
ഓര്‍മ്മകളെയും ഭയങ്ങളെയുമെല്ലാം
പുനസ്ഥാപിച്ച്
ഒരു ദിവസത്തിന്റെ തടാകത്തിലേക്ക്
അവറ്റകളെ ഇറക്കി വിടുന്നു.

മൂന്ന് കവിതകള്‍

October 30, 2012 at 11:11pm
1
മറക്കുമ്പോഴൊക്കെ
നിന്റെ ആകസ്മികതകളില്‍
ഒരു നക്ഷത്രത്തെ പോലെ
ഞാന്‍ കുരുങ്ങി കിടക്കും
ദയവോടെ എന്നെ
താഴെക്കൂര്‍ത്തിയിടുന്ന നീ
വിസ്മ്രിതമായൊരു ചിലന്തിവല

2
സ്നേഹത്തിന്റെ വിലാപ്പുറങ്ങളിലേക്ക്
അറച്ചറച്ചെത്തുന്ന നിന്റെ വിരലുകള്‍
വാര്‍ന്നു തീര്‍ന്നൊരെന്‍
ചോര പോലും നല്കാത്ത
ഏതു വിശ്വാസ്യതയാണ്‌
എന്റെ മുറിവിന്റെ ആഴങ്ങള്‍
നിനക്കായി കാത്തു വച്ചിരിക്കുന്നത്.

3
ഒടുവില്‍ ഓര്‍മ്മകള്‍ എത്രയുണ്ടെന്ന് ചോദിച്ചാല്‍
മറക്കാവുന്നതിലേറെയില്ലെന്ന്
നമുക്ക് അറിയാം
എങ്കിലും
നിനക്ക് മാത്രം
നിറയ്ക്കാവുന്ന ഒരു ശൂന്യത
അതെന്നില്‍
രൂപമെടുത്തു കഴിഞ്ഞിരിക്കുന്നു.

No comments:

Post a Comment