Friday 18 June 2010

സാറ

ഇതു ദൃശ്യവിവരണമെന്നൊരു
പൊള്ളയായ കവിത
ഞാന്‍ പ്രണയിക്കപ്പെടുന്നു
എന്നു തുടങ്ങുന്ന ഓര്‍മ്മകളുടെ
ആദ്യ ഭാഗങ്ങളില്‍
വസന്തം എന്നൊരു ഋതുവും
സാറ എന്നൊരു യുവതിയും
വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തത്ര എണ്ണത്തില്‍
പ്രയോഗങ്ങള്‍ക്ക് അടിമപ്പെടുന്നു

എന്‍റെ രൂപകല്‍പ്പനയില്‍ ഒരത്ഭുതം
സാറയില്‍ ദര്‍ശിക്കുമെന്നുള്ള
വാശികള്‍ക്ക് മുമ്പേ
അവള്‍ തുടര്‍ന്ന് പോയെങ്ങിലും
വസന്തം കാലാനുസാരിയാണെന്ന്
എന്നെ വിശദീകരിക്കുന്നത്
പ്രതാപവാഹിനി എന്ന സാറയുടെ തന്നെ കവിത

തൊലിക്കിടയില്‍ പക്ഷികളെ അനുവദിച്ചും
രക്തത്തിന്റെ തണുപ്പില്‍
ജലസസ്യങ്ങളെ വളര്‍ത്തിയും
ഒടുവില്‍ ഈ വാര്യാന്ത്യത്തില്‍
സാറാ.....
എന്‍റെ ഒളിയിടങ്ങളില്‍
അവസാനത്തേതെന്നു തോന്നിപ്പിക്കുന്ന
ഒരു പൂ വിടര്‍ത്തുന്നു

നിശാജീവികള്‍ക്കുള്ളിലെ രാത്രിയെക്കാളേറെ
ഇനിയും അന്യോന്യം നിറഞ്ഞു നില്‍ക്കുന്നു
എന്ന ഈ വരികള്‍
കവിതയുടെ തന്നെ അനാവശ്യമായ തുടര്‍ച്ച.