Friday, 4 July 2014

ഫേസ്ബുക്ക് കവിതകൾ (2)

)

August 21, 2013 at 1:31am
ഇടയ്ക്കിടെ നിന്നെ നിനച്ച് കൊണ്ടിരുന്നത്
ഇപ്പോഴിതാ ഏതാണ്ട് മുഴുവൻ സമയവും
എന്നായിരിക്കുന്നു
വരാനിരിക്കുന്നതെല്ലാം നീ
എന്ന് വരെ ആയിരിക്കുന്നു.

ചെടിച്ചുവർ


August 11, 2013 at 2:32am
വിസ്മയങ്ങൾ മാത്രമുള്ള
നിന്റെ ജനലിൽ
പടർന്ന് പടർന്ന്
ആരൊക്കെ വെട്ടി എറിഞ്ഞാലും
ആ ഉയരത്തിൽ
താൻ ഉണ്ടായിരുന്നു
എന്നൊരു ചെടി

അത്രമാത്രം വളരുന്നു

പച്ചയും മഞ്ഞയും ആയ മഴ  

July 18, 2013 at 9:52pm
മഴയ്ക്കും വേണ്ടേ സാറേ
ഒരു സ്വകാര്യ ജീവിതം
ജനലിന്റെ വിടവിൽ കൂടി
പറമ്പിലൊക്കെ മഴ പെയ്യണ കണ്ടൂന്നും
അത് കണ്ടു കൊണ്ടിരുന്ന മുറിക്കുള്ളിൽ
അതിനേക്കാൾ ഉച്ചത്തിൽ
വേറൊരു മഴ പെയ്തൂന്നും
ഇങ്ങനെ ഒരു പച്ച കാണുമ്പോഴേക്കും
കവിത എഴുതാൻ തുടങ്ങിയാൽ
മഴയുടെ സ്വകാര്യത അവിടെ നിക്കട്ടെ
എത്ര സുതാര്യജീവിയാണെങ്ങിലും
നിങ്ങൾക്കും വേണ്ടേ സാറേ
അല്പസ്വൽപ്പം സ്വകാര്യത

നായകനാക്കാം എന്ന വാഗ്ദാനം കൊടുത്ത്
എഴുതുന്ന നേരം മുഴുവൻ പെയ്യിച്ചിട്ട്
റിലീസിംഗ് കഴിഞ്ഞപ്പോൾ
മഴ പാവം സുരാജ് വെഞ്ഞാറമൂട്
കവിതയിൽ മൊത്തം മമ്മൂട്ടിയായ കവിക്ക്‌
മഴയിൽ സംഭവിച്ച, സംഭവിക്കാൻ സാധ്യതയുള്ള
സംഭവിക്കാതെ ഒഴിഞ്ഞു പോയ
സംഭവിച്ചിരുന്നെങ്ങിൽ എന്ന്
സെന്റി അടിക്കുന്ന രംഗങ്ങൾ മാത്രം
അതാണ്‌ പറഞ്ഞത്
എത്ര സുതാര്യജീവിയാണെങ്ങിലും
അല്പസ്വൽപ്പം സ്വകാര്യതയുള്ളത്
നല്ല ചായയോ, മദ്യമോ, പരിപ്പുവടയോ
ഇഷ്ടം അനുസരിച്ച് കഴിച്ചിട്ട്
നല്ല തണുത്ത കട്ടിലിൽ കിടന്ന്....

ഇതിൽ കൂടുതലൊക്കെ എന്ത് പറയാനാ!നീ നീ നീ നീ :)

May 31, 2013 at 8:22pm
നീ അലക്കിയിട്ട തുണികളിലേക്ക്
നീലയായൊരാകാശം കിനിഞ്ഞിറങ്ങുന്നു
നീ മടക്കി വച്ച പുതപ്പുകളിൽ
പച്ചയായൊരു പൂന്തോട്ടം ഇരച്ചു വളരുന്നു

Fucking unsigned (3)

May 23, 2013 at 8:48pm

ആളനക്കമില്ലാത്ത അടുക്കളയിൽ
ഇടയ്ക്കൊരു
മാമ്പഴം മുറിച്ച്  വയ്ക്കുന്നത് പോലെ ആണ്
നിന്നെ കുറിച്ച്
വല്ലപ്പോഴും ഒരു കവിത എഴുതുന്നത്

...............................................................

എന്താണെന്ന് വ്യക്തമായി
ഓർക്കുന്നില്ലെങ്ങിലും
മറക്കാൻ കഴിയാത്ത ഒന്നുണ്ട്
ഓർത്തെടുക്കാനുള്ള ഓരോ ശ്രമങ്ങളിലും

...............................................................

തണൽ പച്ചക്ക് താഴെ
മരണം പൂക്കൾ കൊണ്ട്
ഒരു വണ്ടി അലങ്കരിക്കുമ്പോൾ
ഓരോ സിഗരറ്റും
അപകടസാധ്യതയില്ലാത്ത
ഓരോരോ കൊച്ച്  ആത്മഹത്യകളാണ്

അഥവാ ശ്വാസകോശം ഒരു സൂപ്പർ ഹീറോ സുയിസൈഡ് പോയിന്റ്‌ ആണ്.

...............................................................

പ്രണയിച്ച് കൊതി തീരാത്ത ചുണ്ടുകൾ
വ്രീളാവിവശയായ നിന്റെ സാങ്കൽപ്പിക ഉടലിലൂടെ
അങ്ങോളമിങ്ങോളം അങ്ങോളമിങ്ങോളം

(പ്രണയത്തിന്റെ കഴപ്പ്)

...............................................................


Fucking unsigned (2)

May 10, 2013 at 8:25pm
.............................................................................................

എത്ര മേല്‍ അപ്രാപ്യനെങ്കിലും പ്രണയമേ
വക്കോളമെന്നെ തുടര്‍ന്ന് ചെന്നീടുക
അത്രയ്ക്കഗാധതയ്ക്കുള്ളില്‍ നിലാവിന്റെ
നിത്യപ്രകാശം വരില്ലെന്ന് മന്ത്രിക്ക
പിന്നെയും ഞാന്‍ കുതിച്ചെന്നാല്‍
മടിയ്ക്കാതെ
എന്നെ പൊതിയുക
ഊളിയിട്ടേക്കുക.

.............................................................................................

പ്രണയം ഒരു മാവാണ്
അല്ല പ്രണയം മാമ്പഴമാണ്
മാവിന്റെ പട്ടയിൽ ഇടയ്ക്കിടെ
പുറം ചൊറിഞ്ഞ് നിന്നത് കൊണ്ടോ
എന്നും രാവിലെ മാവിന്
വെള്ളമൊഴിച്ചത് കൊണ്ടോ
ഒന്നും സംഭവിക്കില്ല
കുലുക്കണം
ചില്ലകൾ പറിയുന്ന വേഗത്തിൽ
കുലുക്കണം

.............................................................................................

ഒരാൾ ഒരു ദൂരമാണ്
വേറൊരാൾക്ക് ഇനിയും വേറൊരാളിലേക്ക്
നടന്നെത്താനുള്ള ദൂരം
അതല്ല എന്ന് ഒരു ദിവസം
ഇനിയും വേറൊരാൾ
വെട്ടി തെളിക്കുമ്പോഴാണ്‌
ദൂരം ദൂരമല്ലാതാകുന്നതും
ആദ്യം പറഞ്ഞ രണ്ടാളുകളെയും മറികടന്ന്
രണ്ട് വശങ്ങളിലും അങ്ങനെ ഉണ്ടായിരുന്ന
അളവുകളെ ഇങ്ങനെയൊക്കെ ഇല്ലാതാക്കുന്നതും

PS: അനന്തത ഒരു ദൂരമല്ല

Fucking unsigned (1)

April 24, 2013 at 9:20pm
ഞാൻ

എന്റെ കയ്യിൽ നിന്ന്
ഒരു അവാർഡ്‌ മേടിച്ചിട്ട്
ചത്താൽ മതി എനിക്ക്

നിലവാരമില്ലാത്ത പ്രകടനങ്ങൾ
അതി പ്രഗത്ഭരടങ്ങിയ കമ്മിറ്റി
ഈ ജന്മം കിട്ടുമെന്ന് തോന്നുന്നില്ല.

കപ്പൽ 

ഏതൊക്കെ പത്രവാർത്തകൾ
വായിച്ചിട്ടും
എത്രയെത്ര ദൃക്സാക്ഷി വിവരണങ്ങൾ
കേട്ടിട്ടും
ആയിരക്കണക്കിന് ആളുകളെയും കൊണ്ട്
ആ കപ്പലിന് എങ്ങനെ മുങ്ങാൻ പറ്റി എന്ന്
രാവിലെ തന്നെ ഞാൻ
ഒരു തിരയിൽ ഇങ്ങനെ മുങ്ങാതെ കിടക്കുന്നു

ഞാൻ അവളുടെ മുലയിൽ മുഖം അമർത്തുന്നു

ഇനി എന്നെങ്ങിലും ഒരുവൾക്ക്‌ മുമ്പിൽ
നിരായുധനായി അകപ്പെട്ടാൽ
അവളുടെ മുലയിൽ മുഖം അമർത്തി
ഒരു രാത്രി മുഴുവൻ കിടക്കണം
കഴിയുമെങ്ങിൽ
ഉറങ്ങുന്നത് വരെ കരയണം
ആ ഉറക്കത്തിൽ
മരിക്കണം

അവൾ എന്റെ നെഞ്ചിൽ മുഖം അമർത്തുന്നു 

ആകാശം ഞാൻ നട്ടതാണെന്നും
നിലാവ് എന്റെ പരിചയക്കാരനാണെന്നും
ഭൂരിഭാഗം കടലുകളും കുറച്ചു നാൾ മുമ്പ് വരെ
എന്റെ സ്വന്തമായിരുന്നെന്നും
ചിലയിടത്തെല്ലാം ഇപ്പോഴും
എന്നെ ആരാധിക്കാറുണ്ടെന്നും തുടങ്ങി
പറഞ്ഞതെല്ലാം മൂളിക്കേട്ട്
നെഞ്ചിൽ മുഖമമർത്തി
ഉമ്മ വച്ച്, ഉമ്മ വച്ച്
കിടക്കുന്നുണ്ടായിരുന്നു
വിശ്വസിച്ചണ്ടാവോ എന്തോ!


(സന്ദർഭവശാൽ : പണ്ട് ഞാൻ അവൾക്കും
അവൾ എനിക്കും അയച്ച
കവിതകൾ രണ്ടു ദിവസം മുമ്പ് കണ്ടു കിട്ടി
ഏതാ അവളുടേത്‌, ഏതാ എന്റേത്
എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല!)


വീണ്ടും പ്രണയത്തെ പറ്റി (ജോസേ കവിത കയ്യീന്ന് പോയീട്ടാ)

ഓർമ്മകളിലേക്ക് ഒതുങ്ങി നില്ക്കാൻ
കൂട്ടാക്കാത്ത ചില ചരിത്രങ്ങൾ ഉണ്ട്
എല്ലാ രാജ്യങ്ങൾക്കും

രാജ്ഞി പാടാറുണ്ടായിരുന്ന പാട്ട്
എന്നും കാണാറുണ്ടായിരുന്ന ഒരു പാറാവുകാരൻ
എന്തിന് അന്നുണ്ടായിരുന്ന കുതിരകൾ
വിശ്രമിച്ചിരുന്ന തണൽ വരെ
ചിനച്ച്‌ ചിനച്ച്‌ വരും
കാലമേതെന്ന് പോലും നോക്കാതെ

ന്റെ ജോസേ മ്മളിതെത്ര കണ്ടതാ ഗഡ്യെ      

ഇല്ലേലും പുള്ളിക്കാര്യെ
വിട്ടൊള്ള കവിത്യൊന്നും
പ്പോ മ്മളെ കൊണ്ട് പറ്റൂല ജോസേ
അയിന്റെ പൊറമേ വല്ലോം കൂടെ
ങ്ങട്ട് എഴുതാന്നല്ലാതെ
മ്മളൊക്കെ മനുഷ്യരന്നല്ലെ ഗഡ്യെ!


ലവന് വന്ന കത്ത്

May 7, 2013 at 7:21pm
ഒരു ദുരന്തമായി തീര്‍ന്ന സാമ്പാറിനും
ഉച്ചയൂണെന്ന അത്മവഞ്ചനയ്ക്കും ശേഷം
ആ സായാഹ്നത്തിന്റെ സൗന്ദര്യത്തില്‍
ആസ്വാദ്യകരമായൊരു സംശയത്തോടെയിരിക്കുമ്പോള്‍
എല്ലാ തീക്ഷ്ണതയോടും കൂടി
ഒരു കത്ത് വരുന്നു

ഈ ആത്മാവിന്റെ ഉന്നതങ്ങളില്‍
എന്റേതെന്ന് ഒരു ഉറവയുണ്ട്
കാറ്റ് നഷ്ടപ്പെട്ട പക്ഷിയെപ്പോലെ
ഞാന്‍ എന്നുമതില്‍ വീഴുന്നു
പിന്നീട്
ജലത്തെ പറ്റിച്ച്  രക്ഷപ്പെടുന്നു
എന്നൊക്കെ പറഞ്ഞ്
ഒരു തരത്തില്‍
കൂടെ ഇരുന്നവനെ യാത്രയാക്കിയിട്ട്‌
അമ്പരന്നു ചുമന്ന ഹൃദയം
കത്തിലേക്ക് തുറക്കുന്നു

രണ്ടു വരികളിലെന്നെ രണ്ടു രണ്ടായി
മുറിച്ചിടുന്ന ഗംഭീര കാവ്യവിനോദം

"നിഷ്ഫലമെന്‍ നിശബ്ദത കണ്ണാ
നിശ്ചലമെന്‍ യമുന"

നിറഞ്ഞ കണ്ണുകള്‍ തെറ്റിച്ച്
വിലാസക്കാരനെ ഒന്നു കൂടി നോക്കിയ ശേഷം
അകത്തോട്ടു നീട്ടി വിളിച്ചു
സുധാകരാ
എടാ മൈരേഎന്നെ കാണാൻ എന്നും നടക്കാനിറങ്ങുന്ന വൈകുന്നേരങ്ങൾ

May 1, 2013 at 7:21pm
വളരെ അപ്രതീക്ഷിതമായി ശരീരത്തിൽ
പ്രതീക്ഷയുടെ അളവ് അപകടകരമായി കുറയുന്നു
അതൊരു വൈകുന്നേരമാകുന്നു
അങ്ങനെ നടക്കാനിറങ്ങുന്നു

നോക്കുന്ന ഭൂമി നിറയെ
എന്നും പറക്കാറുള്ള കാക്കകൾ
ഇന്നീ തോന്നുന്ന അസ്വഭാവികതയെ
ആദ്യമായി
വകഞ്ഞു മാറ്റി വരുന്നവരിൽ
ഭീതി നിറയ്ക്കുന്നു
അങ്ങനെ അവർ ഞാൻ എത്തുന്നതിന് മുമ്പേ
ചിതറി പറക്കുന്നു

വഴിയിൽ അതാ എന്നും ഇന്നും
പിന്നെയും പുഷ്പ്പിച്ചു നില്ക്കുന്നു
ആരും കാണാതെ പുഷ്പിക്കാറുള്ള
പുഷ്പിത സെൻ എന്ന്
ഞാൻ ഓമനിച്ചു വിളിക്കാറുള്ള
ഒരു തടിച്ചി കുറ്റിമുല്ല

അവൾക്കടുത്തുള്ള കിണറിനുള്ളിൽ മാത്രം
മഴ പെയ്യുന്നു
തവളകൾക്ക് വേണ്ടി
അവിടെ ഒരു കാട് മുളയ്ക്കുന്നു

പെട്ടെന്ന് ഒരു ഇടവഴി തുറന്ന്
അപരിചിതരുടെ ഒരു സംഘം
ഞാൻ നടക്കുന്ന നിരത്തിലേക്ക്
എനിക്ക് എതിർദിശയിൽ നടന്ന് വരുന്നു
ഒരു ധൈര്യത്തിന്
ഞാൻ പുഷ്പിതയെ ഒന്ന് നോക്കുന്നു
പുഷ്പിക്കാൻ ശ്രമിച്ച് കൊണ്ടിരുന്ന അവൾ
ഞാൻ നോക്കിയതും അനങ്ങാതെ നില്ക്കുന്നു

അപരിചിതരുടെ സംഘം
എന്റെ ആ ദിവസത്തിലേക്ക്
കൂടുതൽ കൂടുതൽ അടുത്ത് കൊണ്ടിരിക്കുന്നു

അത്ഭുതം!!
അവരിലൊരാൾ ഞാനായി മാറുന്നു
അതോ ഞാനായി മാറുന്നതിന് മുമ്പും അയാൾ
ഞാൻ തന്നെ ആയിരുന്നോ!

അവരുടെ കൂടെയുള്ള ഞാൻ കൂടെ ഉള്ളവരോട്
എതിരെ നടന്നു വരുന്ന എന്നെ ചൂണ്ടി
അതാരാണെന്ന് ചോദിക്കുന്നു
(പുഷ്പിതയിൽ ഒരു പൂവ് കൂടി വിരിഞ്ഞിരിക്കുന്നു)
അവർക്ക് അറിയില്ല

അവരും ഞാനും എന്നെ കടന്നു പോകുന്നു
ഞാൻ അവരെയും എന്നെയും കടന്നു പോകുന്നു
കടന്നു പോയ എനിക്ക് എന്നെ മനസില്ലായില്ല എന്നതും
എന്നെ കടന്നു പോയത്  ഞാനാണെന്നതും
കിണറിന് പുറത്തേക്ക് പെയ്തു തുടങ്ങിയത് ഞാനറിയുന്നു
അതിലേറെ
പലയിടത്ത് നിന്നും
ഞാനായി മാറാനുള്ളവർ
ഈ നിരത്തിലേക്ക്
എനിക്കെതിരെ നടന്നു വന്നു തുടങ്ങി
എന്നതറിഞ്ഞ് ഞാൻ ഭയക്കുന്നു        

കരയുന്നതിന് മുമ്പേ ഒരിക്കൽ കൂടി
ഞാൻ പുഷ്പിതയെ നോക്കുന്നു
അവൾ ഇത്തവണ നോട്ടം മാറ്റിയില്ല!
പകരം എന്റെ കണ്ണുകൾ തുളച്ച്
അവളൊരു മോതിരം ഇട്ടു തരുന്നു
ഞാൻ നോക്കി നിൽക്കെ
പച്ചപ്പിനുള്ളിൽ നിന്നും
ഉറക്കെ കരഞ്ഞു കൊണ്ട്
ഒരു സുന്ദരി പൂവ് പുറത്തേക്ക് വരുന്നു
എനിക്കും പുഷ്പിതയ്ക്കും കുഞ്ഞുപൂവിനും നനയാൻ
കിണറിന് വെളിയിലും നിരത്തിലും
ആരൊക്കെയോ ചേർന്ന് പെയ്യിക്കുന്നു
മറ്റു വിശേഷണങ്ങൾ ഒന്നും ആവശ്യമില്ലാത്ത
തണുത്ത ഒരു മഴ

പുറത്ത് ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ
എന്റെ മുറിക്കകത്ത് വൈകുന്നേരമാകുന്നു
ഞാനായി മാറാനുള്ള നിരത്തിലേക്ക്
മുഷിഞ്ഞ ഒരു ഷർട്ടിനകത്ത് കയറി
എന്റെ എതിർദിശയിൽ
ഞാൻ നടക്കാനിറങ്ങുന്നു


നുണക്കവിതകൾ

May 1, 2013 at 7:18pm
നീയൊരു തടാകമാണ്‌
എന്നെഴുതിയിട്ട്
നിന്നെയും തടാകത്തെയും
ചേർത്ത് വയ്ക്കാവുന്ന
ഒരു ഉപമയ്ക്ക് വേണ്ടി
കവിതയുടെ ബാക്കിയിൽ
ചിന്തിച്ചിരിക്കുന്നു
ഷാജി

April 22, 2013 at 6:28pm
മെരുങ്ങാത്ത ഇത്ര നായ്ക്കൾ ഉണ്ടെന്ന്
ഒരു തെരുവ് നിർത്താതെ കുരയ്ക്കുന്നതിനിടയിലേക്ക്
ഷാജി ഒരു കൂസലുമില്ലാതെ കടന്നു വരുന്നു

അടർന്ന് വീഴാറായ നിലാവിനു ചുറ്റും
ഒരു ആകാശം നിറയെ ഇരുട്ടുണ്ടെങ്കിലും
ഇതൊക്കെ എന്ത് എന്നൊരു സിഗരറ്റ്
ചെരുപ്പ് പോലുമിടാതെ നടന്നു പോകുന്നു

ഉയരം കുറഞ്ഞ ഒരു മതിൽ
അലിഞ്ഞു തീർന്ന നിലാവിന് മുകളിലൂടെ
ചിറകുകൾ ഇല്ലാതെ പറക്കുന്നു

നിറങ്ങൾ കുമിഞ്ഞ്‌ കൂടിയ
ഒരു കാൻവാസിൽ
അരികുകൾ വരച്ച് കിട്ടാത്ത
രൂപങ്ങളുടെ മറ പറ്റി
ഷാജി എവിടെയൊക്കെയോ
മിന്നി മറയുന്നു

പക്ഷേ ഏറെ പണിപ്പെട്ട്
ഉറങ്ങുന്നവരെ ഉണർത്താതിരിക്കുന്നതിനിടെ
ഉണർന്നിരിക്കുന്ന ഒരു പൂപ്പാത്രം
ഷാജിയെ കാണുന്നു

ഷാജിക്ക് ചുറ്റും
ഒത്തിരി വെളിച്ചം പരക്കുകയും
കാൻവാസിലെ ചിത്രങ്ങൾക്ക്
അരികുകൾ തെളിയുകയും ചെയ്യുന്നു

പിന്നീട് മൂന്ന് വർഷങ്ങൾ
ഷാജി ഒരു ചിത്രമായി
ആ പൂപ്പാത്രത്തെയും ഓർത്ത്
ഉറങ്ങാതിരിക്കുന്നുനുമ്മളെപ്പറ്റി പോലും ഒരു കവിത

April 14, 2013 at 8:58pm
സ്വന്തം ഗോൾ പോസ്റ്റിലേക്ക്
ചറ പറ ഗോളുകളടിക്കുന്ന
ഒരു പാവം കളിക്കാരനാണ് നുമ്മ

തുറന്നു പ്രവർത്തിക്കാനുള്ള
വിദൂര സാധ്യതകളും
തുരുമ്പിച്ച വാരിയെല്ലുകളും ഉള്ള
അടച്ചു പൂട്ടപ്പെട്ട ഒരു ഫാക്ടറി ആണ് നുമ്മ

ആർദ്രതയുള്ള ഒരു മേഘത്തെയും കാത്ത്
ഒരാളിരിക്കുന്ന വേനലിലെ
ടിയാനാണ് നുമ്മ

വലിച്ചു മുറുക്കിയ ശരീരത്തിൽ
നിലച്ചോട്ടെ എന്ന് തിടുക്കം കൂട്ടുന്ന
ഒരു സെക്കന്റ്‌ സൂചി
അതിലേക്ക് അക്ഷമയോടെ
നോക്കി നിൽക്കുന്ന ഒരാൾ
അയാൾ കയറാൻ പോകുന്ന തീവണ്ടി
അവരെ കാത്തിരിക്കുന്ന ദുരന്തം

ഇതൊക്കെയാണ് നുമ്മ


December 22, 2012 at 7:24pm
മരണത്തിന്  തൊട്ടു മുമ്പുള്ള ആഗ്രഹങ്ങള്‍
ജീവിതത്തെ കുറിച്ചാവുന്നത്
എത്ര ദയനീയമായ ഒരു തമാശയാണ്.


കൈവിടൂ പ്ലീസ്

March 24, 2013 at 8:06pm
ആത്മാർത്ഥമായ പരിശ്രമങ്ങൾ ഒന്നും തന്നെ
എന്റെ ഭാഗത്ത്‌ നിന്നുണ്ടാകാതിരുന്നിട്ടും
മഴ കവിഞ്ഞ്
നിറങ്ങൾ പരന്ന
മെത്ത വിരിപ്പിലെ
വഴികൾ തെളിയാത്ത
കാട് പോലുള്ള
ഒരു ദിവസത്തിലേക്ക്
രാവിലെ മുതൽ
ഇന്നും ക്ഷണിക്കപ്പെട്ടിരിക്കുന്നു

ഇനി അത്ഭുതങ്ങൾ എന്തെങ്കിലും
പ്രതീക്ഷിച്ചിട്ടാണെങ്കിൽ
എന്റെ പൊന്നു ചങ്ങായീ
ഞാനൊരു പുണ്യഭൂമിയല്ല

No comments:

Post a Comment